LOADING

Type to search

-LATEST NEWS- WORLD NEWS

ഹാഗിയ സോഫിയ മാറുന്നു; എതിര്‍പ്പുകള്‍ക്കിടെ ചരിത്ര സ്മാരകത്തിലേക്ക് ഖുര്‍ആന്‍ വചന ഫലകം

gospel Dec 09

അങ്കാര: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കിയതിനു പിന്നാലെ മുന്‍ മ്യൂസിയത്തെ പൂര്‍ണമായും ആരാധനലായമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഹാഗിയ സോഫിയയില്‍ സ്ഥാപിക്കാന്‍ ഖുര്‍ ആന്‍ വചനങ്ങളുടെ വലിയൊരു ഫലകം സമ്മാനിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഇപ്പോള്‍.

പള്ളിയിലെ പ്രസംഗ പീഠനത്തിനടത്ത് ഈ ഫലകം സ്ഥാപിക്കുകയും ചെയ്തു. തുര്‍ക്കിഷ് കലാകാരന്‍ മെഹ്മത് ഒസ്‌കെയ് ആണ് ഈ ഫലകം നിര്‍മ്മിച്ചത്. അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങളാണ് ഈ ഫലകത്തില്‍ എഴുതിയിരിക്കുന്നത്.

ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയെ പള്ളിയാക്കി മാറ്റിയതിനു പിന്നാലെ നിരവധി നിയമാവലികള്‍ ഇതിനോടകം ഹാഗിയ സോഫിയക്കുള്ളില്‍ തുര്‍ക്കി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

ആഗസ്റ്റ് 29 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം ഹാഗി സോഫിയക്കുള്ളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ തല മറയ്‌ക്കേണ്ടതുണ്ട്. ഒപ്പം ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കാനും പാടില്ല. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

ക്രിസ്തീയ, ബൈസന്റൈന്‍ പാരമ്പര്യമുള്ളതും ചരിത്ര സ്മാരകവുമായിരുന്ന ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളിയാക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം നിലനില്‍ക്കെയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

2020 ജൂലൈയിലാണ് ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നതായി എര്‍ദൊഗാന്‍ പ്രഖ്യാപിച്ചത്. ഓട്ടോമന്‍ ചരിത്ര കാലഘട്ടത്തിലെ മുസ്‌ലിം പള്ളിയായിരുന്നെങ്കിലും ഹാഗിയ സോഫിയക്ക് ക്രിസ്ത്യന്‍ പാരമ്പര്യമാണ്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹാഗിയ സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനാലയമാരുന്നു.

ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ഹാഗിയ സോഫിയയെ മുസ് ലിം പള്ളി ആക്കി മാറ്റുകയായിരുന്നു. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ലാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്.

Tags: