
സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍ തുറന്നു
ന്യൂഡല്‍ഹി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം. ഇതിനായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി +972549444120 എന്ന ഹെല്‍പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
ഇതിനിടെ ഇസ്രായേലില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗമ്യയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുറന്നുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുന്നത്. ലോക്കല്‍ അതോറിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കിക്കൊണ്ട് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്ന മുന്നറിയിപ്പുകള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായ ഷെല്‍റ്ററുകളിലേക്കും മറ്റും പോകണമെന്നും എംബസി നിര്‍ദ്ദേശിക്കുന്നു.
സംശയനിവാരണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഹെല്‍പ് ലൈന്‍ നമ്പരായ +972549444120 എന്നതിലേക്കോ, [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഒരു സന്ദേശം അയച്ചാല്‍ മതിയെന്നും എംബസി വ്യക്തമാക്കി. എന്താവശ്യമുണ്ടെങ്കിലും ഇന്ത്യന്‍ എംബസി വിവരങ്ങളും വിശദാംശങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷയില്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്ര സാധ്യമല്ലാതെ നിരവധിപേരാണ് ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്നത്.
ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിവല്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ബന്ധപ്പെട്ടു. പ്രാദേശിക ഭരണ സംവിധാനവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനാവും വിധം നഷ്ടപരിഹാരം നേടിയെടുക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുടുബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.