LOADING

Type to search

USA NEWS

പവർ വിഷൻ ടി.വി അമേരിക്കയിൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു.

gospel Jul 22

ന്യൂയോർക്ക്: അമേരിക്കന്‍ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആരാധനകളും, അഭിഷേക നിറവിലുള്ള സംഗീത ശുശ്രൂഷകളും, വചന പ്രഘോഷണങ്ങളും ലോക മലയാളികളുടെ മുന്നില്‍ എത്തിക്കുവാൻ ” ആരാധന ” എന്ന പേരിൽ പുതിയ പ്രോഗാം അമേരിക്കയിൽ നിന്നും പവർ വിഷൻ ടി.വി സംപ്രേക്ഷണം ചെയ്യുന്നു.

ആഗോള സുവിശേഷീകരണത്തില്‍ ഒന്നര പതിറ്റാണ്ടുകാലത്തിലധികമായി പ്രവര്‍ത്തിക്കുന്ന പവര്‍ വിഷന്‍ ടി.വി ഒട്ടേറെ വ്യത്യസ്ത പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു. സുവിശേഷ മുന്നേറ്റത്തിനും വ്യാപനത്തിനും പവര്‍ വിഷന്‍ ടി.വിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു.

പവർ വിഷൻ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാം ആയ “വീട്ടിലെ സഭായോഗം ” ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിച്ചിരിക്കു കയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ലോകമെങ്ങും വിവിധ സ്ഥലങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചർച്ചുകളിൽ ആരാധനകൾക്ക് വിലക്ക് വന്നതിനാൽ പവർ വിഷൻ ടി വിയിലൂടെയും മറ്റ് ഓൺലൈൻ മീഡിയയിലൂടെയും ” വീട്ടിലെ സഭാ യോഗം ” എന്ന പേരിൽ പുതിയ പ്രോഗ്രാം അവതരിപ്പിച്ചത് ജനശ്രദ്ധയാകർഷിച്ചിരുന്നു. ജനലക്ഷങ്ങൾ വീടുകളിൽ ഇരുന്ന് ഈ ആരാധനയിൽ പങ്കെടുത്തിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ് പവർ വിഷൻ ടി.വി. ക്രിസ്ത്യൻ ആത്മീയ പരിപാടികൾക്കൊപ്പം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രോഗ്രാമുകൾ ഈ ടെലിവിഷൻ ചാനൽ വഴി സംപ്രേഷണം ചെയ്തു വരുന്നു.

” ആരാധന ” എന്ന പ്രോഗ്രാം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത് ആഗസ്റ്റ് 8 മുതൽ എല്ലാ ശനിയാഴ്ചകളിലും ന്യൂയോർക്ക് സമയം രാത്രി 6 മുതൽ 7 വരെയാണ്. ക്രിസ്ത്യൻ ടെലിവിഷന്‍ ചരിത്രത്തില്‍ മികച്ച പ്രോഗ്രാംമുകളുടെ നിരയുമായി പവർ വിഷൻ ടിവി അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു.

പവർ വിഷൻ ടീവി യു എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, സംഘടനരംഗത്തും ദൃശ്യ മാധ്യമ രംഗത്തും പ്രവര്‍ത്തന പരിചയമുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു.

എബി ഏബ്രഹാം (പ്രസിഡന്റ്), വെസ്ളി മാത്യൂ (വൈസ് പ്രസിഡന്റ് ഓപ്പേറേഷൻസ്), സാം മാത്യൂ (ചീഫ് പ്രൊഡ്യുസർ), ഫിലിപ്പ് തോമസ് (പ്രസാദ്- പ്രൊഡക്ഷൻ മാനേജർ) , നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), രാജൻ ആര്യപ്പള്ളി (ജോർജിയ റീജനൽ കോർഡിനേറ്റർ), റെജി ഫിലിപ്പ് (ഫിലഡൽഫിയ റീജനൽ കോർഡിനേറ്റർ), ഷോൺ ഏബ്രഹാം, മിഷേൽ തോമസ് (യൂത്ത് കോർഡിനേറ്റഴ്സ്) ഉപദേശക സമിതി അംഗങ്ങളായി റവ.ജെയിം ജോൺ , ടിജു തോമസ്, ബാബു കൊടുന്തറ, ജോഷിൻ ജോയി എന്നിവരും ചുമതലയേറ്റു.

നിലവില്‍ ന്യുയോർക്ക്, ന്യൂജേഴ്‌സി, ഡാളസ് എന്നിവിടങ്ങളില്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന പവർ വിഷൻ ടീവി യു എസ് എ യുടെ സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്റ്റേറ്റുകളിലും ആരംഭിക്കുന്നത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തികച്ചും വ്യത്യസ്തമായ പുതിയ ജനപ്രീയ പരിപാടികള്‍ നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകൾ പവർ വിഷൻ ടീവി യു എസ് എ യുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു.

എബി ഏബ്രഹാം, ഷാജി മണിയാറ്റ്, ഷിബു ജോസഫ് , ജോൺ തോമസ്, റവ. എ.സി. ഉമ്മൻ എന്നിവരാണ് അമേരിക്കയിൽ നിന്നുമുള്ള എക്സ്യൂക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ,
എബി ഏബ്രഹാം, പ്രസിഡന്റ് ,
പവർ വിഷൻ ടി വി യു.എസ്.എ. ഫോൺ: 9142337658

വാർത്ത: നിബു വെള്ളവന്താനം
മീഡിയ കോർഡിനേറ്റർ
പവർ വിഷൻ ടി.വി യു.എസ്.എ