ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈസ്തവ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടതനുസരിച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ രൂപവത്കരിച്ച സച്ചാർ കമ്മിഷൻ പ്രധാനമായും മുസ്ലിം ജനവിഭാഗങ്ങളുടെ അവശതകളാണു പരിശോധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സച്ചാർ കമ്മിറ്റി റിപ്പോർട്ട് വന്നു. അതു പരിശോധിക്കാൻ കേരളത്തിൽ സമിതിയെ നിയോഗിച്ചു. ആ കമ്മിഷന്റെ ശുപാർശകൾ സംസ്ഥാനത്ത് നടപ്പാക്കുകയാണ്.
അടുത്തകാലത്തായി ക്രൈസ്തവവിഭാഗങ്ങളും ഇതുപോലെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് കോശി കമ്മിഷൻ അവ പഠിച്ച് റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും -മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഗുജറാത്ത് കേഡറിലെ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങൾ. ജസ്റ്റിസ് ജെ.ബി. കോശി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായിരുന്നു.