വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍ നൂറ്റിയന്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യപ്രദര്‍ശനത്തിന്. 5 ബൈബിളുകള്‍ സ്വന്തമായുണ്ടായിരുന്ന ലിങ്കന് അദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷം 1864-ലാണ് ആറാമത്തെ ബൈബിള്‍ സമ്മാനമായി ലഭിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഫിലാഡെല്ഫിയായില് സൈനികരെ ശുശ്രൂഷിക്കുന്ന ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ലിങ്കന് സമ്മാനിച്ചതാണ് ഈ ബൈബിള്‍.
“അമേരിക്കന്‍ പ്രസിഡന്റിന് ദി ലേഡീസ് ഓഫ് ദി സിറ്റിസന്‍സ് വോളണ്ടീര്‍ ഹോസ്പിറ്റല്‍ ഫിലാഡല്‍ഫിയ സമ്മാനിക്കുന്നത്” എന്നാണ് ഈ ബൈബിളിന്റെ പുറം ചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. വിശ്വാസം, പ്രതീക്ഷ, കാരുണ്യം എന്നീ വാക്കുകളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ എക്കാലത്തേയും മഹാനായ പ്രസിഡന്റിന്റെ ശക്തമായ ദൈവവിശ്വാസം വെളിപ്പെടുത്തുന്നതാണ് പുതിയ ബൈബിളിന്റെ കണ്ടെത്തലെന്ന് ലിങ്കന് മ്യൂസിയത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു.