LOADING

Type to search

USA NEWS

സിറിയൻ , ഇറാഖി ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള ബില്‍ നിയമമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു

gospel Dec 14

വാഷിംഗ്‌ടണ്‍ ഡി.സി: വംശഹത്യക്കും, മതപീഡനത്തിനും ഇരയായിക്കൊണ്ടിരിക്കുന്ന ഇറാഖിലെയും, സിറിയയിലെയും ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയുടെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബില്ലില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എച്ച്‌ആര്‍ 390 എന്നും അറിയപ്പെടുന്ന ‘ഇറാഖ് ആന്‍ഡ്‌ സിറിയ ജെനോസൈഡ് റിലീഫ് ആന്‍ഡ്‌ അക്കൗണ്ടബിലിറ്റി ആക്ടില്‍’ ട്രംപ് ഒപ്പ് വെച്ചത്.

സമീപ വര്‍ഷങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കീഴില്‍ കടുത്ത ആക്രമണങ്ങളാണ് ക്രിസ്ത്യാനികളും, യസീദികളും, ഷിയാകളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ബില്ലില്‍ ഒപ്പു വെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. എച്ച്‌ആര്‍ 390 യില്‍ ഒപ്പ് വെക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ബഹുമതിയാണെന്നും, ഇസ്ലാമിക് സ്റ്റേറ്റിനെതിരായിട്ടുള്ള പോരാട്ടത്തില്‍ തന്റെ ഭരണകൂടം നിര്‍ണ്ണായകമായ വിജയം കൈവരിച്ചിട്ടുണ്ടെന്നും, മതവുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനകള്‍ വഴി തങ്ങളുടെ സഹായം അര്‍ഹാരായവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക്, വത്തിക്കാന്‍ പ്രതിനിധി കാല്ലിസ്റ്റ ഗിങ്ങ്റിച്ച്, നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്സന്‍, എര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദാ തുടങ്ങിയ മത രാഷ്ട്രീയ നേതാക്കളും ഒപ്പ് വെക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പബ്ലിക്കന്‍ ക്രിസ് സ്മിത്ത് അവതരിപ്പിച്ച ബില്ലിനെ ഡെമോക്രാറ്റ് പാര്‍ട്ടിയംഗമായ അന്നാ ഏഷൂ പിന്തുണക്കുകയായിരുന്നു. ഒക്ടോബര്‍ 11-ന് സെനറ്റില്‍ പാസ്സായ ബില്‍ നവംബര്‍ 27-നാണ് ഹൗസില്‍ അവതരിപ്പിക്കപ്പെട്ടത്. ഐകകണ്ഠേനയാണ് ഈ ബില്‍ പാസ്സാക്കപ്പെട്ടത്. മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ അമേരിക്ക പുലര്‍ത്തുന്ന രാഷ്ട്രീയപരമായ ഐക്യത്തേയും, അമേരിക്കയുടെ ധാര്‍മ്മിക ബോധത്തേയുമാണ്‌ ഈ ബില്‍ നിയമമായതിലൂടെ വ്യക്തമായതെന്ന് കാള്‍ ആന്‍ഡേഴ്സന്‍ പറഞ്ഞു.