ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം ആക്രമണം മൂന്നു ദിവസത്തിനിടെ

ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ.എഫ്.ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ (ആര്‍.എല്‍.സി). ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ആരാധനകള്‍ തടസപ്പെടുത്തുക, പോലീസിന്റെ ഭീഷണി, ആള്‍ക്കൂട്ട അക്രമങ്ങള്‍ തുടങ്ങി പത്തോളം അക്രമ സംഭവങ്ങള്‍ ആര്‍.എല്‍.സി രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരത സന്ദർശനത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത് എന്നത് വസ്തുതയാണ്.

വാരാന്ത്യത്തില്‍ പ്രത്യേകിച്ച് ഞായറാഴ്ച ദിവസത്തില്‍ ഇത്തരം ആക്രമങ്ങള്‍ അരങ്ങേറുന്നത് പതിവായിരിക്കുകയാണെന്ന് ആര്‍.എല്‍.സി യുടെ നാഷണല്‍ ഡയറക്ടറായ വിജയേഷ് ലാല്‍ പറഞ്ഞു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. പത്തു അക്രമങ്ങളില്‍ അഞ്ചെണ്ണവും നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. തമിഴ്നാട്ടില്‍ രണ്ട്, തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോന്നും വീതമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ചത്തീസ്ഗഡിലെ ദാന്തെവാഡ ജില്ലയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ കുടുംബം ഫെബ്രുവരി 20ന് ക്രൂരമായ മര്‍ദ്ദനത്തിനിരയായിരിന്നു. തൊട്ടടുത്ത ദിവസമാണ് ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലെ ക്രൈസ്തവർ ഭീഷണിക്കിരയായത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാനുള്ള ഉപദേശമാണ് ലഭിച്ചത്. ഇതേദിവസം തന്നെയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാതന്‍കുളം പട്ടണത്തിലെ ഏഴ് പാസ്റ്റര്‍മാര്‍ അന്യായമായി പോലീസ് കസ്റ്റഡിയിലായത്.