വയോധികനായ പിതാവിനെ മകന് കുത്തിക്കൊന്നു. വെട്ടേറ്റ മാതാവ് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍. കൊലയാളിയായ മകനെ നാട്ടുകാര്‍ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു. വളരെക്കാലം പ്രവാസജീവിതം നയിച്ച് അപകടത്തെത്തുടര്‍ന്ന് വീല്‍ച്ചെയറിലായിരുന്ന വയോധികനും ഭാര്യയ്ക്കുമാണ് ഈ ദുര്‍ഗ്ഗതി.
അടൂര്‍ ആനന്ദപ്പള്ളി കോട്ടവിളയില്‍ തോമസ്(64) ആണ് മരിച്ചത്. വാഹനാപകടത്തില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലമായി വീല്‍ ചെയറിലായിരുന്നു ഭാര്യ മറിയാമ്മ. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിസലാണ്. മകന് ഐസക് തോമസി(23)നെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കറിക്കത്തി ഉപയോഗിച്ചായിരുന്നു ഐസക്കിന്റെ ആക്രമണം. തോമസിനു കുത്തേറ്റപ്പോള്‍ തടസ്സം പിടിക്കുന്നതിനിടെയാണ് മറിയാമ്മയ്ക്കു വെട്ടേറ്റത്. അവര്‍ പരിക്കുകളോടെ അയല്‍ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തോമസിന്റെ വയറ്റില്‍ മൂന്നു കുത്തേറ്റിരുന്നു. ആഴമേറിയ ഒരു മുറിവിലൂടെ കുടല്‍മാല പുറത്തു ചാടിയിരുന്നു. മറിയാമ്മയുടെ കഴുത്തിനാണ് വെട്ടേറ്റത്.
സംഭവത്തിനു ശേഷം ഐസക് തോമസ് സമീപത്തു താമസിക്കുന്ന പിതൃ സഹോദരന് ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. ഗൃഹോപകരണങ്ങള്‍ക്കു നാശനഷ്ടമുണ്ടാക്കയതിനു ശേഷം വീടിന്റെ രണ്ടാം നിലയില്‍ നിന്നു താഴേക്കു ചാടി. പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയതിനു ശേഷം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി തോമസിന്റെ വീടിന്റെ ഹാളിന്റെ സമീപത്തെ ഇടനാഴിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു.
വര്‍ഷങ്ങളായി തോമസും മറിയാമ്മയും റാസല്‍ഖൈമയിലായിരുന്നു. തോമസ് അവിടെ ടെലികമമ്യൂണിക്കേഷന് വിഭാഗത്തില്‍ സിവില്‍ സൂപ്പര്‍വൈസറും മറിയാമ്മ ആശുപത്രി ജീവനക്കാരിയുമായിരുന്നു. ജോലിക്കിടെ വാഹനം മറിഞ്ഞ് നട്ടെല്ലിനു ഗുരുതര പരിക്കേറ്റതിനു ശേഷം വീല്‍ ചെയറിലായിരുന്നു തോമസിന്റെ ജീവിതം. ജോലിയില്‍ നിന്നു വിരമിച്ച ശേഷം കഴിഞ്ഞ 14-നാണ് നാട്ടിലെത്തിയത്.
മകന് ഐസക് തോമസ് മാര്‍ത്താണ്ഡം മാര്‍ അപ്രേം എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച ശേഷം തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ നാട്ടില്‍ എത്തിയതോടെയാണ് ഐസക് തോമസ് വീട്ടില്‍ സ്ഥിരതാമസം ആരംഭിച്ചത്. പ്ലസ് ടു വരെ മാതാപിതാക്കളോടൊപ്പം വിദേശത്തായിരുന്നു താമസം. ദമ്പതികള്‍ക്ക് നാലു പെണ്മക്കളുമുണ്ട്. ജില്ലാ പൊലീസ് മേധാവി അശോക് കുമാര്‍, അടൂര്‍ ഡി.വൈ.എസ്.പി എസ്.റഫീഖ് എന്നിവരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.