ഭക്ഷണത്തിന്റെ രുചി തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന സാധനങ്ങളും പാചകവൈദഗ്ധ്യവും മാത്രമാണോ? വായിലേക്കെത്തുന്നതിനു മുന്‍പുതന്നെ തലച്ചോര്‍ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള ഒരു മുന്‍വിധി രൂപപ്പെടുത്തുന്നുണ്ട്. ഇത്രയൊക്കെ പ്രശ്നക്കാരനാണോ പാചകം? എന്തായാലും പാചകരുചിയൊരുക്കുമ്പോള് മനസില്‍ സൂക്ഷിക്കാം ചില അടുക്കള പൊടിക്കൈകള്‍.
പഞ്ചസാരയില്‍ ഉറുമ്പ് കയറാതിരിക്കാന്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുക
മീന്‍ (മത്തി,പള്ളത്തി) വെട്ടുമ്പോള്‍ അടുക്കളയിലും കയ്യിലും മണം നിലനില്ക്കുന്നുണ്ടെങ്കില് മീന്‍ കഴുകുന്ന വെള്ളത്തില്‍ കൊടിയില (കുരുമുളക്) യും കല്ലുപ്പും ചേര്‍ത്ത് കഴുകുക. മണം നിലനില്‍ക്കില്ല. മീന്‍ നന്നായി വൃത്തിയാവുകയും ചെയ്യും.
അടുക്കളയില്‍ പാചകം ചെയ്തുകഴിഞ്ഞ് മണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു സ്പൂണ്‍ വിനാഗിരിയും കുറച്ചു വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വച്ച് ചൂടാക്കുക. ന്മവാങ്ങുന്ന മീനിനു ചീക്കല്‍ മണം ഉണ്ടെങ്കില്‍ അല്പം ഉപ്പും അല്പം വിനാഗിരിയും ചേര്‍ത്ത് കാല് മണിക്കൂര്‍ വയ്ക്കുക. മീനിനുള്ളിലെ അഴുക്ക് പോകുന്നത് കാണം. അതിനുശേഷം പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.
പച്ചരി, കടല, വന്‍പയര്‍ എന്നിവ പെട്ടെന്ന് കുതിര്‍ന്നു കിട്ടാന്‍ ചൂടുവെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക.
ചേന, ചേമ്പ് എന്നിവ അരിയുമ്പോള്‍ കൈകളില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ മാറ്റാന്‍ അരിയുന്നതിനു മുമ്പ് കൈകളില്‍ വെളിച്ചെണ്ണ പുരട്ടുക.
ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മയം കിട്ടുന്നതിന് വേണ്ടി ചൂടുപാലോ, ചൂടുവെള്ളമോ ഒഴിച്ച് കുഴയ്ക്കുക.
മിക്സിയുടെ ജാര് വൃത്തിയാക്കാന്‍ ഏതെങ്കിലും ഡിഷ്വാഷ് ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് മിക്സി കറക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകിയെടുക്കുക.
കൂര്‍ക്ക വൃത്തിയാക്കാന്‍ കൂര്‍ക്ക കുറച്ചു സമയം വെള്ളത്തില്‍ കുതിരാന്‍ ഇടുക അപ്പോള്‍ മണ്ണെല്ലാം കൂര്‍ക്കയില്‍ നിന്നും അടര്‍ന്നു പോകും. ശേഷം നന്നായി മണ്ണ് കളഞ്ഞ് കഴുകി (4-5 പ്രാവശ്യം കഴുകുക) വൃത്തിയാക്കിയശേഷം പരുപരുത്ത ഒരു സഞ്ചിയില്‍ ഇട്ടു ചെറുതായി പരുപരുത്ത സ്ഥലത്ത് ഉരയ്ക്കുക. തൊലി മുഴുവന്‍ പോകുന്നതാവും. വീണ്ടും നന്നായി കഴുകി ഉപയോഗിക്കുക.
സവാള അരിഞ്ഞതിനുശേഷം കയ്യില്‍ മണം ഉണ്ടോ എങ്കില്‍ കാപ്പിപ്പൊടി കയ്യില്‍ ഇട്ടു തിരുമ്മുക. ശേഷം കഴുകികളയുക. മണം പമ്പകടക്കും.