ദുബായ്: മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഒര്‍ലാന്‍ഡോയില്‍ നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട പത്തു വയസുകാരനെ ദുബായ് വിമാനത്താവളത്തില്‍ കാത്തിരുന്നത് അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ദുബായ് വിമാനത്താവളത്തിലെ ബില്യണയര്‍ യാത്രക്കാരനായി തെരഞ്ഞെടുക്കപ്പെട്ട നാലാം ഗ്രേഡ് വിദ്യാര്‍ഥി അര്ജുന് ഒരു മായാലോകത്ത് എത്തിയതു പോലെയാണ് തോന്നിയത്. ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ രണ്ടു ദിവസം താമസിച്ച് കാഴ്ചകള്‍ കണ്ട് യാത്ര തുടരാനാണ് കുടുംബം ലക്ഷ്യമിട്ടിരുന്നത്.
സോഫറ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന വെങ്കിടേഷ് ജയരാമന്റെ മകനാണ് അര്ജുന്. ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത അവസരത്തിലാണ് ദുബായ് വിമാനത്താവളത്തിന്റെ ബില്യണയര്‍ യാത്രക്കാരന് എന്ന ബഹുമതിക്ക് അര്ജുന് അര്‍ഹനായ വിവരം അധികൃതര്‍ വെങ്കിടേഷിനെ അറിയിച്ചത്. ഭാര്യ രമ്യയോടു മാത്രമേ വെങ്കിടേഷ് കാര്യം പറഞ്ഞുള്ളു. ഇവരുടെ മൂത്ത മകന് വരുണിനും, അര്‍ജുനനും എല്ലാം സര്‍പ്രൈസ് ആയി. ഇക്കണോമി ക്ലാസിലാണ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നുവെങ്കിലും നാലു പേര്‍ക്കും ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രഡേഷന് നല്കി യാത്രയുടെ തുടക്കം മുതല്‍ സര്‍പ്രൈസുകളാണ് കുടുംബത്തെ കാത്തിരുന്നത്.
ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്താവള സി.ഇ.ഒ വിമാനത്തില്‍ വന്ന് തന്നെ സവീകരിച്ചപ്പോള് അമ്പരന്നു പോയെന്ന് അര്ജുന് പറഞ്ഞു. തുടര്‍ന്ന് ലിമോസിന് കാറില്‍ കുടുംബത്തെ വി.ഐ.പി റിസപ്ഷന് മേഖലയിലേക്ക് കൊണ്ടുപോയി. വലിയൊരു ജനക്കൂട്ടമാണ് ബില്യണയര്‍ യാത്രക്കാരനെ വരവേല്‍ക്കാന്‍ അവിടെ ഉണ്ടായിരുന്നത്. പിന്നീടങ്ങോട്ട് ജീവതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് തങ്ങളെ കാത്തിരുന്നതെന്ന് കുടുംബം അനുസ്മരിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലായ അറ്റ്ലാന്റിസിലെ രണ്ടു സ്യൂട്ടുകളാണ് കുടുംബത്തിനു നല്‍കിയത്. ഇവര്‍ ദുബായ് കാണാന്‍ ബുക്കു ചെയ്തിരുന്നതിന്റെ പണം റീഫണ്ട് ചെയ്ത് കൊടുത്തു. ബുര്‍ജ് ഖലീഫ ടവര്‍ സന്ദര്‍ശനം, ആഢംബരമായ ഡെസേര്‍ട്ട് സഫാരി തുടങ്ങി വിസ്മയക്കാഴ്ചകള്‍ വിമാനത്താവള അധികൃതര്‍ കുടുംബത്തിന് ഒരുക്കി. ഇവരുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ തയാറായി. കുടുംബം ദുബായിലെത്തിയതിന്റെ തൊട്ടുത്ത ദിവസം അര്‍ജുന്റെ ജന്മദിനമായിരുന്നു. ഫുട്ബളിന്റെ രൂപത്തിലുള്ള കേക്കില്‍ അര്‍ജുന്റെ ഇഷ്ട ടീമായ ന്യൂ ഓര്‍ലിയന്‍സ് സെയിന്റ്സ് ടീമിന്റെ ലോഗോ ആലേഖനം ചെയ്ത് രാവിലെ സമ്മാനിച്ചപ്പോള്‍ അര്ജുന് അമ്പരക്കുക തന്നെ ചെയ്തു. അര്ജുന് സമ്മാനപ്പെരുമഴ ലഭിച്ചപ്പോള്‍ മൂന്നു വയസ് മൂത്ത വരുണിനും സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കാന്‍ വിമാനത്താവള അധികൃതര്‍ മറന്നില്ല. കുടുംബത്തിന് ഷോപ്പിംഗിനു വേണ്ടി പതിനായിരം ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചറും നല്കി. രാജകീയ വാസം കഴിഞ്ഞ് ചെന്നൈയിലേക്ക് യാത്ര തുടരുമ്പോള്‍ വെങ്കിടേഷിന്റെ കുടുംബത്തിന് ദുബായ് വിമാനത്താവള അധികൃതരെപ്പറ്റി പറയാന്‍ നൂറു നാവായിരുന്നു.
WORLD NEWS
ദുബായ് വിമാനത്താവളത്തിലെ ബില്യണയര്‍ യാത്രക്കാരന് ഇന്ത്യക്കാരനായ പത്തു വയസുകാരന് ; കാത്തിരുന്നത് രാജകീയ സ്വീകരണം, സമ്മാനപ്പെരുമഴ

